തിളക്കമില്ലാത്ത താരങ്ങള്‍....
ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ് എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും. പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.
ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി.

